മനഃശാസ്ത്ര പഠന രീതികൾ

  • അന്തര്‍ദര്‍ശനം ( introspection)

ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി.ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു. വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി. എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി.കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.

  • നിരീക്ഷണം ( observation)

   പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം. വിവരശേഖരണത്തിന് പല രീതികള്‍അനുവര്‍ത്തിക്കാം.നേരിട്ടുള്ളത്അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം /അല്ലാത്തത് എന്നിവ ഉദാഹരണം.സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.

  • അഭിമുഖം ( interview)

 മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.
ഇന്റര്‍വ്യൂവും പല തരത്തിലാവാം. ക്രമീകൃതമായത് /അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്

  • ഉപാഖ്യാനരീതി ( anecdotal method)

ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും.
സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.

  • സഞ്ചിതരേഖാരീതി ( cumulative record)

ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.

  • പരീക്ഷണരീതി ( experimental method)

ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable)എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.
പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു.ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു.അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.

  • ഏകവ്യക്തിപഠനം ( case study)

ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.

  • സര്‍വെ (survey)

ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു.രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.

  • ക്രിയാഗവേഷണം ( action research)

ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.

Comments

Popular Posts